വൈദ്യുതി മേഖലയെ ഒരു വ്യവസായമായും ബിസിനസ്സായും കാണണം. അങ്ങനെ കാണാന്‍ തുടങ്ങിയാല്‍ വൈദ്യുതിയുടെ ഗുണമേന്മയും സേവനനിലവാരവും മെച്ചപ്പെടും. ഹൈഡല്‍പോലെ ചിലവേറിയ ഒരു സ്രോതസ്സിലേക്ക് പോകുന്നത് ബിസിനസ്സ് നടത്തുന്ന സ്ഥാപനം എന്ന രീതിയില്‍ ചിന്തിച്ചാല്‍ ഗുണകരമല്ല. ഡാമുകള്‍ ഇനി വേണ്ട എന്നതാണ് എന്‍റെ വ്യക്തിപരമായ അഭിപ്രായം.KSEB വൈദ്യുതി ഉല്പാദനത്തിനുപകരം പ്രസരണ വിതരണ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധിക്കുകയാണ് വേണ്ടത്. ഇതോടൊപ്പം ദേശീയ ഗ്രിഡില്‍ നിന്നും ഇങ്ങോട്ട് വൈദ്യുതി എത്തിക്കാനുള്ള ലൈനുകളുടെ നിര്‍മ്മാണത്തിലും കൂടുതല്‍ മുതല്‍ മുടക്കണം. വന്‍കിട ഉപഭോക്താക്കള്‍ പുറത്തുനിന്നും വൈദ്യുതി വാങ്ങി കേരളത്തിലേക്ക് കൊണ്ടുവരുന്നതിനെ KSEB പ്രോത്സാഹിപ്പിക്കണം. അതില്‍ നിന്നും വീലിങ്ങ് ചാര്‍ജ്ജ് ഇനത്തില്‍ KSEB ക്ക് പണം കിട്ടും. സ്വകാര്യ ഉടമസ്ഥതയിലുള്ള വന്‍കിടവ്യവസായ സ്ഥാപനങ്ങളെല്ലാം പുറത്തിനിന്നും വൈദ്യുതി വാങ്ങാന്‍ തുടങ്ങിയാല്‍ അവര്‍ക്ക് വൈദ്യുതി നല്‍കാനുള്ള ബാധ്യത KSEB ഏറ്റെടുക്കേണ്ടി വരില്ല.
സോളാര്‍ റൂഫ്ടോപ് പ്രോത്സാഹിപ്പിച്ചാല്‍ ഉപഭോഗം കാര്യമായി കുറയും . നമ്മുടെ രാജ്യം വൈദ്യുതിയുടെ കാര്യത്തില്‍ സ്വയം പര്യാപ്തമാണ്. അതുകൊണ്ട് കേരളത്തിനാവശ്യമായത്ര വൈദ്യുതി പുറത്തുനിന്നും വാങ്ങിയാല്‍ മതി. അത് ഇവിടെ എത്തിക്കാനുള്ള സംവിധാനം ഉണ്ടാക്കണം. സോളാര്‍ വൈദ്യുതിക്ക് വില വളരെകുറവാണ്. അത് നാം വാങ്ങണം. വൈകിട്ട് 6 മണിതൊട്ട് 10മണിവരെയുള്ള സമയത്ത് കുറച്ച് വില കൂടിയ വൈദ്യുതി വാങ്ങിയാലും മൊത്തം ചിലവാകുന്ന പണം നോക്കിയാല്‍ ഇത് balance ചെയ്ത് പോകും. ഇന്‍വെര്‍ട്ടറുകള്‍ വളരെ കാര്യക്ഷമത കുറഞ്ഞ ഒരു ഉപകരണമാണ്. ഇവ ഒഴിവാക്കിയാല്‍ നന്നായിരിക്കും. വൈദ്യുതി തടസ്സങ്ങള്‍ ഒഴിവാക്കാന്‍ കഴിഞ്ഞാല്‍ ഇതിനു സാധിക്കും. EV വളരെ എഫിഷ്യന്‍സി കൂടിയതാണ്. എഫിഷ്യന്‍സി ഇനിയും കൂടി വരികയേ ഉള്ളു. അതുകൊണ്ട് ഇതിനുവേണ്ട ഊര്‍ജ്ജം പെട്രോളിയം ഉല്പന്നങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കുവേണ്ടതിനേക്കാള്‍ വളരെ കുറവ് മതിയാകും. റിന്യൂവബിള്‍ സ്രോതസ്സുകളില്‍ നിന്നുല്പാദിപ്പിക്കുന്ന വൈദ്യുതി ഗ്രിഡില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ട്. വൈദ്യുതി സ്റ്റോര്‍ ചെയ്യുന്നതിനുവേണ്ടിയുള്ള സംവിധാനങ്ങള്‍ സംബന്ധിച്ച് ധാരാളം ഗവേഷണങ്ങള്‍ ലോകത്ത് നടക്കുന്നുണ്ട്. അത് വലിയതാമസം കൂടാതെ വരും എന്ന് നമുക്ക് പ്രതീക്ഷിക്കാം . അതുകൊണ്ട് വൈദ്യുതി കൂടുതലായി ഉല്പാദിപ്പിക്കുന്നതിനെപറ്റി KSEB വേവലാതിപ്പെടേണ്ടതില്ല എന്നാണ് എന്‍റെ അഭിപ്രായം. അതിനുപകരം പ്രസരണ വിതരണ മേഖല ശക്തിപ്പെടുത്തിയാല്‍ മതി. അറ്റകുററപ്പണികള്‍ കൂടുതല്‍ ശ്രദ്ധയോടെ നടക്കണം. ഇപ്പോള്‍ അത് വേണ്ട രീതിയില്‍ നടക്കുന്നില്ല. ഇപ്പോള്‍ തടസ്സങ്ങള്‍ കൂടി വരുന്നു. അവ പരിഹരിക്കുന്നതിന് സമയം കൂടുതല്‍ എടുക്കുന്നുണ്ട്. മലപ്പുറം ജില്ലയില്‍ ഓവര്‍ലോഡ് മൂലം ലൈനുകള്‍ ഇടക്കിടെ ഓഫാക്കേണ്ടി വരുന്നുണ്ട്. അവ പരിഹരിക്കാനാണ് കൂടുതല്‍ മുതല്‍ മുടക്ക് നടത്തേണ്ടത്. പരിസ്ഥിതി പ്രശ്നങ്ങളുടെ പേരിലുളളതടസ്സങ്ങള്‍ എല്ലാ മേഖലയിലും ഉണ്ട്. അത് പരിഹരിച്ചു പോകാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണം.