നമ്മെ ചിന്തിപ്പിക്കുന്നതായി CMD ഇവിടെ പറഞ്ഞകാര്യങ്ങള്‍ In-SDES പോലുള്ള സ്ഥാപനങ്ങള്‍ പഠനവിധേയമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്വകാര്യമേഖലയുടെ പങ്കിനെപ്പറ്റി നാം പറയുമ്പോള്‍ ഏറ്റവും ഒടുവില്‍ കല്‍ക്കരി ക്ഷാമം മൂലമുണ്ടായ പ്രതിസന്ധി സമയത്ത് അവര്‍ സ്വീകരിച്ച നിലപാടുകള്‍ നാം പരിശോധിക്കണം. പ്രതിസന്ധി രൂക്ഷമാക്കുന്ന രീതിയില്‍ അവരുടെ നിലയങ്ങളില്‍ നിന്ന് ഉല്പാദനം കുറച്ചത് കൂടുതല്‍ ലാഭമുണ്ടാക്കാനായിരുന്നോ എന്ന് പരിശോധിക്കണം. സ്വാഭാവിക കുത്തക നിലനില്‍ക്കുന്ന Network industryയില്‍ ഏത് monopoly വേണം എന്ന് ജനങ്ങള്‍ ചിന്തിച്ച് തീരുമാനമെടുക്കും. പല മേഖലയിലും സ്വകാര്യവല്‍ക്കരണത്തിനെതിരായ സമരം നടക്കുന്നതുംഅത് വിജയിക്കുന്നതും നാം കണ്ടുകൊണ്ടിരിക്കുന്നു.കേരളത്തില്‍ നമ്മുടെ വൈദ്യുതി ആവശ്യകതയുടെ 30 ശതമാനം മാത്രമാണ് ഇപ്പോള്‍ നാം ആഭ്യന്തരമായി ഉല്പാദിപ്പിക്കുന്നത്. ബാക്കി വൈദ്യുതി പുറത്തിനിന്ന് കൊണ്ടുവരികയാണ്. ഗോ ഇലക്ട്രിക്ക് കാമ്പയിന്‍റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങള്‍ വര്‍ദ്ധിക്കുകയും പാചകത്തിനുള്ള വൈദ്യുതിയുടെ ആവശ്യം വര്‍ദ്ധിക്കുകയും ചെയ്താല്‍ ഭാവിയില്‍ നാം പ്രതീക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ വൈദ്യുതി ആവശ്യമായി വരും. പുറത്തുനിന്ന് വൈദ്യുതി കൊണ്ടുവരാനുള്ള ലൈനുകളുടെ മൊത്തം ശേഷി 5000 മെഗാവാട്ട് മാത്രമാണ് എന്നതുകൊണ്ട് ഭാവി ആവശ്യകത നിറവേറ്റാന്‍ ആഭ്യന്തര ഉല്പാദനം ഇന്നുള്ളതിലും വര്‍ദ്ധിക്കേണ്ടിവരും. അതോടൊപ്പം ഇങ്ങോട്ട് വൈദ്യുതി കൊണ്ടുവരാനുള്ള ലൈനുകളുടെ ശേഷിയും വര്‍ദ്ധിപ്പിക്കേണ്ടിവരും. ആഭ്യന്തര ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ നമ്മുടെ ഹൈഡ്രോ സാധ്യതകള്‍ എത്രമാത്രം ഉപയോഗിക്കാന്‍ കഴിയും എന്ന് പരിശോധിക്കണം. കേന്ദ്ര ഗവണ്‍മെന്‍റ് വന്‍കിട ജലവൈദ്യുതി പദ്ധതികള്‍ക്ക് പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ നമുക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുമോ എന്ന് നോക്കണം. ഇത്തരം പദ്ധതികള്‍ക്കെതിരെയുള്ള എതിര്‍പ്പുകള്‍ മാറ്റിയെടുക്കാന്‍ ജനങ്ങള്‍ക്കിടയില്‍ ഇത് വ്യാപകമായി ചര്‍ച്ചക്ക് വിധേയമാക്കണം.

കാറ്റില്‍ നിന്ന് 1700 മെഗാവാട്ടും സോളാറില്‍നിന്ന് 6110 മെഗാവാട്ടും ഉല്പാദിപ്പിക്കാനുള്ളസാധ്യതകള്‍ കേരളത്തിലുണ്ട്. കാറ്റില്‍ നിന്നുള്ള സാധ്യതയുടെ 4 ശതമാനവും (70MW) സോളാറില്‍ നിന്നുള്ള സാധ്യതയുടെ 5 ശതമാനവും (311MW) മാത്രമേ നാം ഇപ്പോള്‍ ഉപയോഗപ്പെടുത്തിയിട്ടുള്ളു. ചെറുകിട ജലവൈദ്യുത പദ്ധതികളുടെ സാധ്യത 647.5 മെഗാവാട്ട് ഉള്ളതില്‍ 217 മെഗാവാട്ട് നാം ഇതിനകം ഉപയോഗപ്പെടുത്തിയിട്ടുണ്ട് (30ശതമാനം). കൂടുതല്‍ പദ്ധതികള്‍ നമ്മുടെ മുന്നിലുണ്ട്. അതെങ്ങനെ പണിതീര്‍ക്കാന്‍ കഴിയും എന്നാലോചിക്കണം. വന്‍കിട ജലവൈദ്യുത പദ്ധതികളുടെ കാര്യത്തില്‍ നമ്മുടെ സാധ്യത 4000 മെഗാവാട്ട് ആണ്. അതില്‍ 1914 മെഗാവാട്ട് (45%) ഇപ്പോള്‍ നാം സ്ഥാപിച്ചു കഴിഞ്ഞു. 4200 മില്യണ്‍ യൂണിറ്റ് ഉല്പാദിപ്പിക്കാന്‍ കഴിയുന്ന 632 മെഗാവാട്ട് ശേഷിയുള്ള താപനിലയങ്ങള്‍ ഉയര്‍ന്ന ഉല്പാദനച്ചെലവ് മൂലം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. വിലകുറച്ച് ഗ്യാസ് കിട്ടുകയാണെങ്കില്‍ ഇവയെല്ലാം ഗ്യാസിലേക്ക് മാറ്റാന്‍ കഴിയുമോ എന്ന് പരിശോധിക്കണം.19ാം പവര്‍ സര്‍വ്വേ റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം CEA 2019ല്‍ പുറത്തിറക്കിയ Long Term Eletricity Demand Forecasting ല്‍ കൊടുത്തിട്ടുള്ള കണക്കുകള്‍ പ്രകാരം 2030ലെ കേരളത്തിന്‍റെ വൈദ്യുതി ആവശ്യകത 41000 മില്യണ്‍ യൂനിറ്റും പീക്ക് ഡിമാന്‍റ് 6191 മെഗാവാട്ടുമാണ്. പവര്‍ സര്‍വ്വേയില്‍ സാധാരണ സ്വീകരിക്കുന്നതില്‍ നിന്നും വ്യത്യസ്തമായ ഒരു രീതിയാണ് ഇതില്‍ സ്വീകരിച്ചിട്ടുള്ളത്. ഇതിലെ കണക്കുകള്‍ നമ്മുടെ ആവശ്യകതയുമായി ഏകദേശം യോജിച്ചു പോകുന്നതാണ്. ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപക മാകുന്നതോടെ നമ്മുടെ വൈദ്യുതി ആവശ്യകത 2030ല്‍ 60000 മില്യണ്‍ യൂണിറ്റാകാനുള്ള സാധ്യയുണ്ട്. 2019ല്‍ കേരള സര്‍ക്കാര്‍ പുറത്തിറക്കിയ EV പോളിസിയില്‍ EV യുടെ സാധ്യത ലോഡ് ബാലന്‍സിംഗിന് KSEB ഉപയോഗപ്പെടുത്തും എന്നു പറയുന്നുണ്ട്. പീക്ക് സമയത്തല്ലാതെ ഓഫ്പീക്ക് സമയത്ത് EV കള്‍ ചാര്‍ജ്ജ് ചെയ്യുകയാണെങ്കില്‍ ഇത് സാധ്യമാകും. ഇത്തരത്തിലുള്ള ഉപഭോഗം സാധ്യമാകണമെങ്കില്‍ സ്മാര്‍ട്ട് ഗ്രിഡ് സംവിധാനത്തിലേക്ക് നാം മാറേണ്ടിവരും. ഇതുവഴി കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി EV ഉടമകള്‍ക്ക് ലഭ്യമാക്കാനും കഴിയും. അങ്ങനെ വന്നാല്‍ പീക്ക് ഡിമാന്‍റ് നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കും. 60,000 മില്യണ്‍ യൂനിറ്റ് പ്രതിവര്‍ഷ ആവശ്യകത വരുമ്പോള്‍ പ്രതിദിന ശരാശരി 165 മില്യണ്‍ യൂനിറ്റ് വരും. ഇപ്പോള്‍ നമ്മുടെ പ്രതിദിന ശരാശരി വൈദ്യുതി ആവശ്യകത 70-75 മില്യണ്‍ യൂനിറ്റാണ്. പുറത്തുനിന്ന് വൈദ്യുതി കൊണ്ടുവരാനുള്ള ലൈനുകളുടെ ഇന്നത്തെ ശേഷിയനുസരിച്ച് പരമാവധി കൊണ്ടുവരാന്‍ പറ്റുന്നത് പ്രതിദിനം 120 മില്യണ്‍ യൂനിറ്റ് മാത്രമാണ്. ആഭ്യന്തര ഉല്പാദനം വഴി ലഭ്യമാക്കാന്‍ കഴിയുന്നത് പ്രതിദിനം ശരാശരി 20-25 മില്യണ്‍ യൂനിറ്റാണ്. മഴ കുറവായാല്‍ ലഭ്യത ഇതിലും കുറയും. ബാക്കി ആവശ്യമായ വൈദ്യുതി എങ്ങനെ കണ്ടെത്തണം എന്നത് ഒരു പ്രശ്നമാണ്. അത് പരിഹരിക്കാന്‍ നമുക്കു കഴിയണം. ബാക്കി ആവശ്യകത മുഴുവനായും ആഭ്യന്തര ഉല്പാദന വര്‍ദ്ധനവിലൂടെ കണ്ടെത്താന്‍ കഴിയും എന്ന് നമുക്ക് ഇതുവരെയുള്ള അനുഭവം വെച്ച് ചിന്തിക്കാന്‍ പറ്റില്ല. നമ്മുടെ പദ്ധതി നടത്തിപ്പിന്‍റെ ചരിത്രം പരിശോധിച്ചാല്‍ ഒരു വര്‍ഷം ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ശേഷി വര്‍ദ്ധനവ് 303MW (99-2000)ആണ്. 2000ത്തിന് ശേഷം ഉണ്ടായ ഏറ്റവും ഉയര്‍ന്ന് ശേഷി വര്‍ദ്ധനവ് 2010-11ലെ 116മെഗാവാട്ടാണ്. ഇന്നത്തെ പദ്ധതി നടത്തിപ്പ് പരിതാപകരമായ സ്ഥിതിയിലാണ്. 10-15 വര്‍ഷമായിട്ടും പണിതീരാത്ത പ്രൊജക്ടുകള്‍ ഉണ്ട്. 185.5 മെഗാവാട്ട് ശേഷിയുള്ള ഇടത്തരവും ചെറുകിടയുമായ ജലവൈദ്യുത പദ്ധതികള്‍ നിര്‍മ്മാണത്തിലിരിക്കുന്നു. കുറെ പദ്ധതികള്‍ ഏറ്റെടുത്ത് നടത്താന്‍ കഴിയുന്നവയായും ഉണ്ട്. സോളാറില്‍, സൗരപദ്ധതിയില്‍ ലക്ഷ്യമിട്ട 1000 മെഗാവാട്ട് നമുക്ക് പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടില്ല. ഇതിന് നിരവധി കാരണങ്ങള്‍ ഉണ്ട്. ഇതെല്ലാം കണക്കിലെടുത്ത് 2030ലെ ആവശ്യകത നിറവേറ്റാന്‍ ആഭ്യന്തര ഉല്പാദനത്തില്‍ എത്ര വര്‍ദ്ധനവ് വരുത്താന്‍ കഴിയും എന്നത് സംബന്ധിച്ച് യാഥാര്‍ത്ഥ്യബോധത്തോടുകൂടിയ പ്ലാന്‍ തയ്യാറാക്കണം. അങ്ങിനെ നോക്കുമ്പോള്‍ 2030ലേക്ക് നമുക്കാവശ്യമായ 5000-6000 മെഗാവാട്ട് ശേഷിവര്‍ദ്ധനആഭ്യന്തരമായി ഉണ്ടാക്കാന്‍ സാദ്ധ്യമാകുമോ എന്ന് സംശയമാണ്. ഇവിടെ Vehicle to Grid Technology യുടെ സാദ്ധ്യത നാം പരിശോധിക്കണം. ഇപ്പോള്‍ ആ ടെക്നോളജി വേണ്ടത്ര വികസിച്ചിട്ടില്ല. 2030 ആകുമ്പോഴേക്ക് അത് പ്രയോജനപ്പെടുത്താന്‍ കഴിയുമോ എന്ന് നോക്കണം. ബാറ്ററി സ്റ്റോറേജ് സംവിധാനത്തെപറ്റിയും നാം ആലോചിക്കണം. ഇടുക്കി രണ്ടാം ഘട്ടവികസനവും വളരെ നല്ല പദ്ധതിയാണ്. അതും കാലതാമസം കൂടാതെ പൂര്‍ത്തിയാക്കാന്‍ സാധിക്കണം. 7 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ പറ്റുന്ന പദ്ധതികള്‍ ഏറ്റെടുത്ത് പെട്ടെന്ന് പൂര്‍ത്തിയാക്കണം.
ആഭ്യന്തര ഉല്പാദനം വര്‍ദ്ധിപ്പിച്ചാല്‍ വൈദ്യുതിയുടെ വിലകുറയ്ക്കാന്‍ പറ്റും എന്ന രീതിയിലുള്ള അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. അതിന് ഏറ്റവും ചെലവ് കുറഞ്ഞ രീതിയില്‍ ഉല്പാദനം നടത്താന്‍ കഴിയുന്ന സ്രോതസ്സ് തെരഞ്ഞെടുക്കണം. ഒരു പദ്ധതികൊണ്ട് ലഭിക്കുന്ന മറ്റ് സാമൂഹ്യമായ നേട്ടങ്ങള്‍ കൂടി കണക്കിലെടുത്തുവേണം വൈദ്യുതിയുടെ വില കണക്കാക്കാന്‍. സാമൂഹ്യമായ ഉത്തരവാദിത്വം നിറവേറ്റുന്നതിനു കൂടി ഉതകുന്ന ചെലവുകള്‍ പ്രൊജക്ട് ചെലവില്‍ നിന്ന് മാറ്റി നിര്‍ത്തണം. കേന്ദ്രപൂളില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതിക്ക് പ്രസരണ ചാര്‍ജ്ജ് ഉള്‍പ്പെടെ ഇപ്പോള്‍ 4 രൂപ 22 പൈസ വരുന്നുണ്ട്. വൈദ്യുതി വാങ്ങുന്നില്ലെങ്കിലും ഫിക്സഡ് ചാര്‍ജ്ജ് നല്‍കണം. കേരളത്തിനകത്തുള്ള സ്വകാര്യ നിലയങ്ങളില്‍ നിന്ന് 25 വര്‍ഷത്തേക്കുള്ള കരാറിന്‍റെ അടിസ്ഥാനത്തില്‍ വാങ്ങുന്ന വൈദ്യുതിയുടെ വില, ചെറുകിട ജലവൈദ്യുത പദ്ധതികളില്‍ നിന്ന് 2 രൂപ 44 പൈസുമുതല്‍ 5 രൂപ 47 പൈസവരേയും കാറ്റില്‍ നിന്ന് 3 രൂപ 14 പൈസ മുതല്‍ 5 രൂപ 23 പൈസവരേയും സൗരോര്‍ജ്ജ നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി 3 രൂപ 10 പൈസക്കും 3 രൂപ 83 പൈസക്കുമാണ് വാങ്ങുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ 25 വര്‍ഷത്തേക്കേര്‍പ്പെട്ട കരാര്‍ പ്രകാരം CERC നിരക്കില്‍ 450 മെഗാവാട്ട് 4 രൂപ 84 പൈസയും മത്സരാധിഷ്ഠിത ടെണ്ടര്‍ പ്രകാരം 765 മെഗാവാട്ട് 4 രൂപ 26 പൈസയും വിലവരും. പുറത്തുനിന്ന് 2 രൂപ 44 പൈസ ക്ക് സോളാര്‍ വൈദ്യുതി വാങ്ങാനുള്ള കരാറിന് ശ്രമങ്ങള്‍ നടക്കുന്നുണ്ട് എന്ന് മനസ്സിലാക്കുന്നു.
റിന്യൂവബില്‍ സ്രോതസ്സുകളില്‍ നിന്ന് വാങ്ങുന്ന വൈദ്യുതിക്ക് 25 വര്‍ഷത്തേക്ക് ട്രാന്‍സ്മിഷന്‍ ചാര്‍ജ്ജ് നല്‍കേണ്ടതില്ല എന്ന നേട്ടവും ഉണ്ട്. എന്നാല്‍ മറ്റ് സ്രോതസ്സുകളില്‍ നിന്ന് വാങ്ങുന്ന വൈദ്യുതി ഇവിടെ എത്തിക്കുന്നതിനുള്ള ട്രാന്‍സ്മിഷന്‍ ചാര്‍ജ്ജില്‍ വലിയ തോതിലുള്ള വര്‍ദ്ധനവും അടുത്തകാലത്തായി ഉണ്ടായിട്ടുണ്ട് എന്നതും നാം കാണണം.
താങ്ങാവുന്ന നിരക്കില്‍ ഗുണമേന്മയുള്ള വൈദ്യുതി തടസ്സമില്ലാതെ നല്‍കുന്നതിനാണ് നാം പ്രാമുഖ്യം നല്‍കേണ്ടത്.
ഇത്തരത്തിലുള്ള എല്ലാ കാര്യങ്ങളേയും സമഗ്രമായി കണ്ടുകൊണ്ടുള്ള ഒരുപോളിസിക്ക് രൂപം നല്‍കണം. അത്തരത്തിലൊരു പോളിസിയുടെ അഭാവം ഇപ്പോള്‍ ഉണ്ട്. 2017 ല്‍ ഇത്തരത്തിലൊരു പോളിസി രൂപീകരിക്കുവാനുള്ള ചര്‍ച്ച നടത്തുകയും 2019 ല്‍ അതിന്‍റെ കരട് പുറത്തിറങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ പോളിസി അന്തിമമായി പുറത്തിറങ്ങിയിട്ടില്ല. 96-2001 കാലത്തുണ്ടായ നേട്ടം ഇത്തരത്തിലൊരു പോളിസിയുടെ പിന്‍ബലത്തിലായിരുന്നു എന്നത് നാം കാണണം. KSEB ഇന്നു കാണുന്ന രീതിയിലുള്ള സ്ഥാപനമായി മാറിയത് ആ നയത്തിന്‍റെ പിന്‍ബലത്തിലാണ്. അത്തരത്തില്‍ ഇന്നത്തെ ആവശ്യങ്ങള്‍ കൂടി കണക്കിലെടുത്തുള്ള ഒരു നയം ഉടന്‍ പുറത്തിറക്കാന്‍ രണ്ടാം ഊഴം ലഭിച്ച ഇടതുമുന്നണി സര്‍ക്കാര്‍ ശ്രമിക്കണമെന്നഭ്യര്‍ത്ഥിക്കുന്നു. ആഭ്യന്തര ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് അത് ഗുണകരമായിരിക്കും.